മാധവ മാതൃക ഫൊക്കാനയിൽ തേനാകുമ്പോൾ: പി ഡി ജോർജ് നടവയൽ

മാധവൻ ബി നായർ എന്ന ഫൊക്കാന പ്രസിഡൻ്റ്, ഫൊക്കാനയുടെ നിയുക്ത പ്രസിഡൻ്റ് ജോർജീ വർഗീസിന് പദവിസ്ഥാനം ഔദ്യോഗികമായി കൈമാറുന്നു. 2016ൽ മാധവൻ നായർ ഫൊക്കാന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പ്രസിഡൻ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുമായിരിക്കേ, തമ്പി ചാക്കോയ്ക്കു വേണ്ടി സ്ഥാന ത്യാഗം അനുഷ്ഠിച്ചിരുന്നു.

അപൂർവങ്ങളിൽ അപൂർവം. മാധവൻ ബി നായർ സംഭവിപ്പിച്ചത് അതാണ്. കോടതി നിരീക്ഷണങ്ങളിൽ കാണാറുള്ള വാചകമാണ് “അപൂർവങ്ങളിൽ അപൂർവം.” മുറിപ്പെടുത്തലിൻ്റെ ക്രൂരതയെയാവും, ആ കോടതി നിരീക്ഷണങ്ങൾ കാണുക. എന്നാൽ ഇവിടെ, ലിബര്‍ട്ടി ശില്പത്തിൻ്റെ നാട്ടിൽ, ആസന്നമായ ദുരന്തം, impending catastrophe, ഒഴിവാക്കാൻ, ദീർഘ വീക്ഷണത്തിൻ്റെ മൂന്നാം ഉൾക്കണ്ണ് തുറക്കാൻ കഴിഞ്ഞു എന്നതാണ്, മാധവ മാതൃക. ഈ നവംബറിൻ്റെ നേട്ടമായി, അപൂർവങ്ങളിൽ അപൂർവം എന്ന നില കൈവരിക്കുകയാണ്, ഫൊക്കനയിലെ മാധവ മാതൃക. ഫൊക്കാനയിലെ തേനനുഭവം. മുറിവുണക്കലിൻ്റെ മലയാളി നൈറ്റിംഗേല്‍ അനുഭവം. വിളക്കേന്തുന്ന അനുഭവം. മലയാളി നഴ്സുമാരുടെ മികവിൻ്റെ അമേരിക്കൻ നാട്ടിൽ, അത്യുചിതമാകുന്ന അനുഭവം.

അങ്ങകലങ്ങളിലേക്ക് വലിച്ചെറിഞ്ഞു കളയുന്ന “ഈഗൊ”യുടെ അസ്തമയവും, ഇങ്ങടുപ്പങ്ങളിലേക്ക് കൈകോർക്കുന്ന ഐക്യത്തിൻ്റെ ഉദയവുമാണ് സംഭവിക്കുന്നത്. ലിബർട്ടി ഐലൻ്റിൽ തല ഉയർത്തി, അതിനും മേലേ ദീപശിഖ ഉയർത്തി നിൽക്കുന്ന, ലിബർട്ടി ശില്പം പ്രതീകവത്ക്കരിക്കുന്നത്, സ്വാതന്ത്ര്യ ദീപ്തിയാണല്ലോ. അതിൻ്റെ ഛായ പറ്റി, ഫൊക്കാനയിൽ, അപൂർവങ്ങളിൽ അപൂർവമായ, സ്വരൈക്യത്തിൻ്റെ അരുണോദയ രശ്മികളായി, മിഴി നീട്ടുന്ന മാധവ മാതൃക, തരംഗമുണർത്തുന്നത്, പുതിയൊരു ഉണർത്തു പാട്ടിനെയാണ്.

മറ്റൊന്നുമല്ല പറഞ്ഞു വരുന്നത്. മാധവൻ ബി നായർ എന്ന ഫൊക്കാന പ്രസിഡൻ്റ് ഫൊക്കാനയുടെ നിയുക്ത പ്രസിഡൻ്റ് ജോർജീ വർഗീസിന് പദവിസ്ഥാനം ഔദ്യോഗികമായി കൈമാറുന്നു. ഇതിനു മുമ്പ് 2016ൽ മാധവൻ നായർ ഫൊക്കാന എക്സിക്യൂട്ടിവ് കമറ്റിയിൽ പ്രസിഡൻ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുമായിരിക്കേ, തമ്പി ചാക്കോയ്ക്കു വേണ്ടി സ്ഥാന ത്യാഗം അനിഷ്ഠിച്ചത് ഓർക്കുന്നുണ്ടാവുമല്ലോ. ഐക്യത്തിനു മുൻഗണന നൽകുന്നതു കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. ഏറെക്കാലമായി തമ്പി ചാക്കോയ്ക്കുണ്ടായിരുന്ന ആഗ്രഹത്തിന് വിഘാതമാകാതിരിക്കുവാൻ മാധവൻ നായർ 2016ൽ തയ്യറാകുകയായിരുന്നു.

2018ൽ ഫൊക്കാനാ വാലിഫോർജ് കൺ‌വന്‍ഷന്റെ (കേരളാ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും പങ്കെടുത്ത കണ്‍‌വന്‍ഷന്റെ) ചെയർമാൻ എന്ന നിലയിൽ കലവറ തുറന്ന് മാധവൻ നായർ ഫൊക്കാനയുടെ മാനമുയർത്തി. 2018ൽ മാധവൻ നായർ ഫൊക്കാനാ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. സ്വാഭാവികമായും 2020 ൽ വളരെ മാതൃകാപരമായ ഒരു ഫൊക്കാനാ ഇൻ്റർനാഷനൽ കൺ‌വന്‍ഷൻ നടത്തി ചരിത്രം കുറിക്കുക എന്നത് അദ്ദേഹത്തിന് അവകശപ്പെട്ട അവസര നീതിയായിരുന്നു. കോവിഡ് മഹാമാരിയുടെ കൊടും താണ്ഡവത്തിലമർന്ന് ലോകം ഉൾവലിഞ്ഞ് ഗതികൾ മന്ദീഭവിച്ചപ്പോൾ ന്യായമായും ഗവണ്മെൻ്റ് നിർദ്ദേശങ്ങൾ അനുസരിച്ച് അൾക്കൂട്ട ആഘോഷങ്ങൾക്ക് അവധി പ്രഖ്യാപിക്കുവാൻ ഫൊക്കാനയും ബാദ്ധ്യസ്ഥമായി. എന്നാൽ, ആശയക്കുഴപ്പങ്ങളുടെ മൂടുപടത്തിലമർന്ന് ഫൊക്കാനയിൽ ഗ്രൂപ്പ് വടംവലികളും ഓൺലൈൻ ഇലക്ഷനും ഉണ്ടായി. അതനുസരിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു എന്ന വാർത്തകളും രംഗ പ്രവേശമായി. ഫൊക്കാനയുടെ ഗ്ളാമറിന് കോട്ടമേറി.

പണ്ട്, തമ്പി ചാക്കോയും ശശിധരൻ നായരും, ഫ്ലോറിഡയിൽ നടന്ന13-ന്നാം ഫൊക്കാന കൺ‌വന്‍ഷനില്‍, തിരഞ്ഞെടുപ്പിലുണ്ടായ അഭിപ്രായ ഭിന്നതകളെ പറഞ്ഞു പരിഹരിച്ച്, അനുരഞ്ജനത്തിലെത്താതെ, “ഈഗോ ക്ളാഷിൽ” കലാശിച്ചപ്പോൾ അതിനു ചുക്കാൻ പിടിച്ചവരുടെ, അന്നത്തെ ഹൃദയച്ചുരുക്കം മൂലം പിണഞ്ഞത് അമേരിക്കൻ മലയാളികളുടെ സംഘചേതനയുടെ ബ്രാൻ്റ് നെയ്മായി ശോഭിച്ചിരുന്ന “ഫൊക്കാന”എന്ന മന്ത്രപദത്തിനേറ്റ പക്ഷാഘാതമായിരുന്നു.

1983ൽ ഫൊക്കാന എന്ന പ്രസ്ഥാനം ആരംഭിച്ചതും വളർന്നതും വെറുതേയയിരുന്നില്ല. അക്കാലഘട്ടത്തിൻ്റെ അമേരിക്കൻ മലയാള ജീവിത സാഹചര്യങ്ങളുടെ സവിശേഷതകൾ കൊണ്ടായിരുന്നു ഫൊക്കാന ആരംഭിച്ചതും വളർന്നതും. സാധാരണയായി ഒരു സംഘടന പ്രബലപ്പെട്ട് കീർത്തി കൈവരിക്കുമ്പോൾ ഭൈമീ കാമുകന്മാരായി ധാരളം വ്യക്തികൾ “ഞാൻ മുന്നേ, ഞാൻ മുന്നേ” എന്ന നിലയിൽ സ്ഥാനമോഹികളായി കടന്നു വരും. ആ സംഘടന അതുവരേ കൈവരിച്ച സത്കീർത്തിയുടെ ഛായയിൽ സ്വന്തം ഗ്ളാമർ വർദ്ധിപ്പിക്കാനാവും എന്ന താത്പര്യവും കാരണമാകാം; സാമൂഹ്യ സേവന താത്പര്യത്തിനു പുറമേ.

കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹികളിൽ നിന്ന് ഒട്ടും വ്യത്യസ്ഥരല്ല അമേരിക്കയിലായിരുന്നിട്ടും ഇവിടുത്തെ നേതാക്കൾ എന്ന് സാധാരണ ജനം മൂക്കത്തു വിരൽ വയ്ക്കേണ്ട വീഴ്ച്ചയിലേക്ക് അമേരിക്കയിലെ മലയാളികളുടെ സംഘചേതന കൂപ്പുകുത്തി. ഫൊക്കാനയും, ഫോമയും, പ്രസ്ക്ളബ്ബുകളുമായി ആ സംഘബോധികൾ നാടകമേറെയാടി. എങ്കിലും അവയൊന്നും നശിച്ചു പോയില്ല. കുറച്ചു പേർ കേരള രാഷ്ട്രീയക്കാർക്കും, പത്രക്കാര്‍ക്കും പരിചിതരായി മാറി. ആർക്കും അതിൽ പരാതിക്കവകാശവുമില്ല. ആ നേതാക്കൾ പണവും സമയവും പ്രവർത്തനവും വ്യയം ചെയ്താണ് കീർത്തികൾ നേടുന്നത്. അത്രത്തോളം നല്ല കാര്യം.

എന്നാൽ ആർത്തിയേറി പിന്നെയും പിന്നെയും അംബ്രല്ലാ സംഘടനകൾ പിളർന്നാൽ അതു വരുത്തിവയ്ക്കുന്ന അപമാനം, അമേരിക്കൻ മയാളികളെല്ലാവരും പേറേണ്ടി വരുന്നു എന്ന യാഥാർത്ഥ്യം കാണാതെ, നേതൃ നിരയിലുള്ളവർ ഒരുമ്പെട്ടിറങ്ങിയാൽ വരുംതലമുറകൾ ക്ഷമിക്കുമെന്ന് കരുതാനാവില്ല. പുതു തലമുറകൾക്ക് ഇന്നത്തെ “പേരൻ്റ്സ്ജനറേഷനോട്” സഹിഷ്ണുത ഇല്ല എന്ന ജെനറേഷൻ ഗ്യാപ്പ്, നിലനിൽക്കുമ്പോൾ ആ പ്രശ്നം ഗുരുതരമാണു താനും.

ഈ വിപര്യയ സന്ധിയിലാണ് മാധവൻ നായർ രഞ്ജിപ്പിന്റെ മന്ത്രധ്വനിയുമായി വീണ്ടും രംഗത്തെത്തുന്നത്. ജോർജി വർഗീസിൻ്റെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ട് അവർ മാതൃക തീർക്കുന്നു. ജരാനരകൾ ബാധിച്ച് ഊർദ്ധ്വൻ വലിക്കുന്നതിനു മുമ്പ് ഫൊക്കാനയും ഫോമയും ഈ വിധം ഒന്നായി മാറേണ്ടതുതന്നെയാണ്. അമേരിക്കയിലെ മലയാളി പ്രസ് ക്ളബുകളും ആലോചിക്കേണ്ടതുതന്നെയാണീക്കാര്യങ്ങൾ. പുതു തലമുറകൾക്ക് മുഖ്യ ധാരയിലേക്ക് ആകൃഷ്ടരാകാൻ, തലമുറകൾക്കു വേണ്ടി “പണം” എറിയുന്ന പദ്ധതികളിലേക്ക്, മുന്നേറ്റം നടത്തുവാൻ ഐക്യ സംഘടനയ്ക്കേ സാധിക്കൂ.

മാധവൻ ബി നായർ എന്ന ഫൊക്കാന പ്രസിഡൻ്റ് ഫൊക്കാനയുടെ നിയുക്ത പ്രസിഡൻ്റ് ജോർജി വർഗീസിന് പദവിസ്ഥാനം ഔദ്യോഗികമായി കൈമാറുന്നു. 2016ൽ മാധവൻ നായർ ഫൊക്കാന എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പ്രസിഡൻ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുമായിരിക്കേ, തമ്പി ചാക്കോയ്ക്കു വേണ്ടി സ്ഥാന ത്യാഗം അനുഷ്ഠിച്ചിരുന്നു. ഫൊക്കനയിലെ മാധവ മാതൃക. ഫൊക്കാനയിലെ തേനനുഭവം. മുറിവുണക്കലിൻ്റെ മലയാളി നൈറ്റിംഗേല്‍ അനുഭവം. വിളക്കേന്തുന്ന അനുഭവം. അങ്ങകലങ്ങളിലേക്ക് വലിച്ചെറിഞ്ഞു കളയുന്ന “ഈഗൊ”യുടെ അസ്തമയവും, ഇങ്ങടുപ്പങ്ങളിലേക്ക് കൈകോർക്കുന്ന ഐക്യത്തിൻ്റെ ഉദയവുമാണ് സംഭവിക്കുന്നത്. ലിബർട്ടി ഐലൻ്റിൽ തല ഉയർത്തി അതിനും മേലേ ദീപശിഖ ഉയർത്തി നിൽക്കുന്ന ലിബർട്ടി ശില്പം പ്രതീകവത്ക്കരിക്കുന്നത് സ്വാതന്ത്ര്യ ദീപ്തിയാണല്ലോ. അതിൻ്റെ ഛായ പറ്റി ഫൊക്കാനയില്‍ അപൂർവങ്ങളിൽ അപൂർവമായ സ്വരൈക്യത്തിൻ്റെ അരുണോദയ രശ്മികളായി മിഴി നീട്ടുന്ന മാധവ മാതൃക തരംഗമുണർത്തുന്നത് പുതിയൊരു ഉണർത്തു പാട്ടിനെയാണ്.

<div><hr>Like our page <a href=”https://www.facebook.com/MalayalamDailyNews/”>https://www.facebook.com/MalayalamDailyNews/</a> and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.<hr></div>

Leave a Reply

Your email address will not be published. Required fields are marked *