മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗത്തിൽ ഫൊക്കാന അനുശോചിച്ചു

ന്യൂയോർക്ക്: മലയാളഭാഷയുടെ എക്കാലത്തെയും മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗത്തിൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ ബി. നായർ അനുശോചനമറിയിച്ചു. കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന അക്കിത്തം മലയാളഭാഷയുടെ ഖ്യാതിയും യശ്ശസും തന്റെ ഉദാത്തമായ കവിതകളിലൂടെ ദേശീയ അന്തർദേശീയ തലത്തിൽ എത്തിച്ച സർഗ്ഗാത്മക പ്രതിഭയാണ്. കടൽകടന്ന് പ്രവാസം ജീവിതം നയിക്കുന്ന മലയാളികൾക്കും അക്കിത്തം എന്ന ഉന്നതനായ കവിയും ആ മഹനീയ വ്യക്തിത്വവും അഭിമാനമായിരുന്നു. ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് മഹാകവി അക്കിത്തം വിടവാങ്ങുന്നത്. ലളിതമായ ചടങ്ങില്‍ രാജ്യത്തെ ഏറ്റവും മഹത്തായ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴും അക്കിത്തം സംസാരിച്ചത് കവിതയെയും മനുഷ്യരെയും കുറിച്ചായിരുന്നു എന്നത് അദ്ദേഹത്തിന്റെ മനോനൈർമ്മല്യം വെളിപ്പെടുത്തുന്നു. ആ ചടങ്ങിൽ അദ്ദേഹത്തിൽ നിന്നും വന്ന വാക്കുകൾ ഹൃദയ ശുദ്ധീകരണ ശക്തി ആവാഹിച്ചതായിരുന്നു.

“എന്താണ് എന്റെ ലക്ഷ്യം? താത്കാലികപ്രശസ്തിയാണോ? പണമാണോ? അതോ അതിനെക്കാള്‍ അപ്പുറമുള്ള വല്ലതുമാണോ? ഉദാത്തസാഹിത്യം രചിക്കാന്‍ സാധിക്കണമെങ്കില്‍ പരക്കംപാച്ചില്‍ വെറുതേയാണ്. അതിനുവേണ്ടത് നിശ്ചലതയാണ്, ഏകാഗ്രതയാണ്, തപസ്സാണ്. ശരാശരിക്കുതാഴെ ജീവിച്ചതുകൊണ്ട് ഒരു തരക്കേടുമില്ല. ശരാശരിക്കുമീതെ മനസ്സ് വ്യാപരിക്കുകയാണ് ആവശ്യം. അപ്പോള്‍മാത്രമേ ഉദാത്തഭാവത്തിലേക്ക് ഒരു തോരയെങ്കിലും ആത്മവത്ത ഉയരുകയുള്ളൂ. ” ജീവത ഗതിയിൽ ആരും പിന്തുടരേണ്ട വാക്കുകളായിരുന്നു അവ.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായി പിറന്ന അക്കിത്തം കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം … എല്ലാം തന്നെ കാലാതിവർത്തിയാണ്.

കാവ്യ ജീവിതത്തിൽ അദ്ദേഹത്തെ തേടി ഒട്ടേറെ അഗീകാരങ്ങളും എത്തിയിട്ടുണ്ട്. 1972 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം എന്നിവ അതിൽചിലതുമാത്രം. പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുമ്പോൾ അത് എല്ലാ മലയാളികൾക്കും അഭിമാന നിമിഷമായിരുന്നു.

മഹാകവിയുടെ വിയോഗത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ആരാധകർക്കുമൊപ്പം ഫൊക്കാനയും അംഗങ്ങളും പങ്കുചേരുന്നതായി മാധവൻ.ബി.നായർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *