ഫൊക്കാനയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: ഷീല ജോസഫ്

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃകാ സംഘടനയായ ഫൊക്കാനയുടെ യശസ്സിനും ഖ്യാതിക്കും കളങ്കമേല്പിക്കാൻ ചില വ്യക്തികൾ നടത്തുന്ന നീക്കങ്ങൾ അങ്ങേയറ്റം ഖേദകരമാണെന്നും മലയാളി പ്രവാസി സമൂഹത്തിനാകെ പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കുന്നതാണെന്നും ഫൊക്കാന ട്രഷറർ ഷീല ജോസഫ് സന്ദേശത്തിൽ പറഞ്ഞു.

മലയാളി പ്രവാസികളുടെയും ജന്മനാടിന്റെയും ക്ഷേമത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സാംസ്കാരിക കൂട്ടായ്മകളും ലക്ഷ്യം വച്ച് മനുഷ്യ സ്നേഹികളായ നിഷ്പക്ഷമതികൾ രൂപം നൽകിയിട്ടുള്ള സംഘടനയാണ് ഫൊക്കാന. ആ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ തന്നെയാണ് ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികൾ സംഘടനയെ നയിക്കുന്നതും. ഫൊക്കാനയുടെ ഭരണഘടനയ്ക്ക് അനുസൃതമായി അംഗങ്ങൾ ഉൾപ്പെട്ട ഭരണ സമിതികളാൽ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികൾക്ക് പിൻതുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയാണ് ഫൊക്കാന എന്ന മഹത് സംഘടനയെ സ്നേഹിക്കുന്നവർ ഈ സാഹചര്യത്തിൽ ചെയ്യേണ്ടത്.

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകളുടെയും പേരിൽ സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടവർ തങ്ങളുടെ തെറ്റുകൾ മനസിലാക്കാതെ വീണ്ടും സമാന്തര പ്രവർത്തനങ്ങൾ നടത്തി സ്വയം അപഹാസ്യരാവുകയാണ്. ഇവരുടെ ക്രമവിരുദ്ധ നടപടികളെ കോടതി ഉത്തരവിലൂടെ വിലക്കിയിട്ടുള്ളതും മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതുമാണ്. എന്നിട്ടും മാന്യത ലവലേശമില്ലാതെ ധിക്കാരപരമായ പ്രവർത്തനങ്ങളും കോടതിയലക്ഷ്യ നടപടികളും തുടരുകയാണ്. ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൊതുജന
സമ്മിതിയിലൂടെയാണ് ഭാരവാഹിത്വത്തിലും നേതൃനിരയിലേക്കും എത്തപ്പെടേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയല്ലെന്ന് ഇവർ മനസിലാക്കണം.

2021 ൽ നടക്കാനിരിക്കുന്ന ഫൊക്കാനയുടെ കൺവൻഷനും ഇലക്ഷനും വിജയമാക്കാൻ ഓരോ അംഗങ്ങളും പ്രസിഡന്റ് മാധവൻ.ബി.നായരും ജനറൽ സെക്രട്ടറി ടോമി കൊക്കാട്ടും നേതൃത്വം നൽകുന്ന പ്രവർത്തനങ്ങൾക്ക് സർവ പിന്തുണയും സഹകരണവും നൽകണമെന്ന് ഷീല ജോസഫ് അഭ്യർത്ഥിച്ചു.

One Reply to “ഫൊക്കാനയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: ഷീല ജോസഫ്”

Leave a Reply

Your email address will not be published. Required fields are marked *