FOKANA News

മുല്ലപ്പെരിയാര്‍ പ്രശ്‌നം - ഫൊക്കാന പിന്തുണ പ്രഖ്യാപിച്ചു

 

മുല്ലപ്പെരിയാര്‍ പ്രശ്‌നം - ഫൊക്കാന പിന്തുണ പ്രഖ്യാപിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്‌: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബാദ്ധ്യസ്ഥരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും നീതിന്യായ കോടതികളുടേയും നിരുത്തരവാദിത്വപരമായ സമീപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടാകരുതെന്ന്‌ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഒരു പ്രമേയത്തിലൂടെ കേരള സാര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.


മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്രയും സങ്കീര്‍ണ്ണമാകാനുള്ള പ്രധാന കാരണം കേരള സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന്‌ കമ്മിറ്റി വിലയിരുത്തി. അപകടകരമാംവിധം ജലനിരപ്പ്‌ ഉയര്‍ന്നിട്ടും മന്ത്രിമാര്‍ പതിവു പല്ലവി തുടരുന്നതും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക്‌ വിമാനം കയറുന്നതും വെറും പ്രഹസനമാണെന്നും, ഭീതിതരായി കഴിയുന്ന ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉടനടി പരിഹാരം കാണണമെന്നും പ്രസിഡന്റ്‌ ജി.കെ. പിള്ള പ്രസ്‌താവിച്ചു.

തമിഴ്‌നാടിന്റെ ദുര്‍വാശിക്കു മുന്‍പില്‍ കേരളം തോറ്റുകൊടുക്കേണ്ട ആവശ്യമില്ല. 117 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്‌ ബലക്ഷയം സംഭവിക്കുകയും, തുടര്‍ച്ചയായി ഭൂകമ്പങ്ങളുണ്ടാകുകയും ചെയ്യുന്ന സ്ഥിതിക്ക്‌ പുതിയൊരു അണക്കെട്ട്‌ നിര്‍മ്മിച്ച്‌ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാകണമെന്ന്‌ ഫൊക്കാന നേതാക്കള്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

യുദ്ധാകാലാടിസ്ഥാനത്തില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മാണം ആരംഭിക്കുകയോ, പ്രശ്‌നപരിഹാരത്തിനായി കക്ഷിരാഷ്ട്രീയമന്യേ ഒറ്റക്കെട്ടായി നിന്ന്‌ പ്രതിവിധി കണ്ടെത്തുകയോ ചെയ്യണമെന്ന്‌ ഫൊക്കാന ആഹ്വാനം ചെയ്‌തു. ഇത്‌ ഒരു വിഭാഗത്തിന്റേയോ, ഒരു പ്രദേശത്തിന്റേയോ മാത്രം പ്രശ്‌നമല്ല. കേരളത്തിന്റെ മൊത്തം പ്രശ്‌നമാണ്‌. അതുകൊണ്ട്‌ എല്ലാ ജനങ്ങളും ഒരുമിച്ച്‌ നിന്ന്‌ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ നേരിടണമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഫൊക്കാനയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന്‌ എല്ലാ നേതാക്കളും ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു.

ഫൊക്കാന ബാസ്‌ക്കറ്റ്‌ ബോള്‍ ഹൂസ്റ്റണ്‍ ഹൂപ്‌സ്‌ ചാമ്പ്യന്മാര്‍

മൊയ്‌തീന്‍ പുത്തന്‍ചിറ

ഹൂസ്റ്റണ്‍: ഫൊക്കാന 2012 കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന ബാസ്‌ക്കറ്റ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ടൂര്‍ണ്ണമെന്റിന്റെ മൂന്നാമത്‌ റീജിയണല്‍ മത്സരം സ്റ്റാഫോര്‍ഡ്‌ ഹൈസ്‌കൂള്‍ ജിംനേഷ്യത്തില്‍ നടന്നു.


ഹൂസ്റ്റണില്‍ നിന്നും ഡാളസ്സില്‍ നിന്നുമായി പങ്കെടുത്ത 12 ടീമുകളുടെ വാശിയേറിയ മത്സരം കാണുവാന്‍ അറുനൂറിലധികം പേര്‍ പങ്കെടുത്തതായി റെജി ജോണ്‍ അറിയിച്ചു.

ഫൈനലിലെത്തിയ ഹൂസ്റ്റണ്‍ ഹോപ്‌സും ഐ.എം.സി.യുമായുള്ള മത്സരത്തില്‍ മൂന്നു സെക്കന്റ്‌ മാത്രം അവശേഷിക്കേ ഹൂസ്റ്റണ്‍ ഹോപ്‌സിലെ അപ്പുവിന്റെ സമര്‍ത്ഥമായ ത്രീ പോയിന്റ്‌ ഷൂട്ട്‌ ആണ്‌ അവരെ വിജയത്തിലെത്തിച്ചത്‌.

ഇരുപത്തിരണ്ടു പേര്‍ പങ്കെടുത്ത ത്രീ പോയിന്റ്‌ ഷൂട്ട്‌ മത്സരത്തില്‍ ഡെയില്‍ രാജന്‍ ഒന്നാം സ്ഥാനവും, ജസ്റ്റിന്‍ ജോണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ഹൂസ്റ്റണ്‍ ഹോപ്‌സിനും റണ്ണര്‍ അപ്പ്‌ ആയ ഐ.എം.സി.യ്‌ക്കും മറ്റു വിജയികള്‍ക്കുമുള്ള ട്രോഫിയും ക്യാഷ്‌ അവാര്‍ഡും ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍, മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ തയ്യില്‍, സെക്രട്ടറി ജോണ്‍ ചാക്കോ, ജോയിന്റ്‌ സെക്രട്ടറി സുനില്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്ന്‌ നല്‍കി.

സ്റ്റീവ്‌ ഇലഞ്ഞിക്കല്‍ ഏറ്റവും നല്ല ബാസ്‌ക്കറ്റ്‌ ബോള്‍ കളിക്കാരനുള്ള സമ്മാനം കരസ്ഥമാക്കി. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, കളിക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനും, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബും നന്ദി അറിയിച്ചു.

 

ഫോക്കാന കണ്‍വെന്‍ഷന്‍ ചരിത്ര സംഭവമാക്കും

ഫോക്കാന കണ്‍വെന്‍ഷന്‍ ചരിത്ര സംഭവമാക്കും

ചാര്‍ലി വര്‍ഗീസ്‌

ഹൂസ്റ്റണ്‍: മലയാളി സമൂഹത്തിലെ എല്ലാ ആള്‍ക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു കണ്‍വെന്‍ഷെന്‍ ആയിരിയ്‌ക്കും ഹൂസ്റ്റണില്‍ നടക്കുന്ന ഫോക്കാന കണ്‍വെന്‍ഷന്‍ എന്ന്‌ ഫോക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ളയും, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പനും പ്രസ്‌താവിച്ചു. 

ഹൂസ്റ്റണില്‍ ഫോക്കാന കണ്‍വെന്‍ഷന്‍ ഓഫീസില്‍ വിളിച്ചു കൂട്ടിയ പ്രസ്‌ കോണ്‍ഫ്രന്‍സില്‍ ഷാജി ജോണ്‍, ചാക്കോ തോമസ്‌ , വി.എന്‍. രാജന്‍, ചാര്‍ളി പടനിലം, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ എന്നിവരും പങ്കെടുത്തു.

കേരളീയ മാതൃകയില്‍ ഉള്ള ആറാട്ടിന്റെ തനി രൂപത്തിലായിരിക്കും ഉത്‌ഘാടനത്തിനെത്തുന്ന മഹാ രാജാവിനെ സ്വീകരിയ്‌ക്കുന്നതെന്നും, അതിനുള്ള എല്ലാ ഏര്‍പ്പാടുകളും നടന്നു കൊണ്ടിരിയ്‌ക്കുന്നെന്നും, ഉത്‌ഘാടന നഗരിയുടെ അലംകാരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കി കൊണ്ടിരിയ്‌ക്കുന്നെന്നും, യുവജനംഗള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട്‌ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അതോടൊപ്പം വനിതകള്‍ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ വളരെ അധികം പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, മലയാള കലാ സാഹിത്യ രംഗത്തുള്ളവരെ ആദരിയ്‌ക്കുന്നതിനായി തിരഞ്ഞെടുക്കുന്നതിനായി പ്രഗല്‍ഭരായ ഒരു ടീമിനെ കേരളത്തില്‍ തന്നെ രൂപപ്പെടുത്തിയിട്ടുന്‌ടെന്നും ശ്രീ ജി .കെ.പിള്ള അറിയിച്ചു . വിവിധ തരത്തിലുള്ള മത്സരങ്ങള്‍ അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നടന്നു കൊണ്ടിരിയ്‌ക്കുകയാണെന്നും , നവംബര്‍ 12 നു സ്റ്റാഫോര്‍ഡ്‌ ഹൈസ്‌കൂളില്‍ നടക്കുന്ന ബാസ്‌കെറ്റ്‌ ബോള്‍ ടൂര്‍ണമെന്റില്‍ 17 ഓളം ടീമുകള്‍ പങ്കെടുക്കുന്നുണ്ടെന്നും, കണ്‍ വെന്‍ ഷനോടനുബന്ധിച്ചു, ചെണ്ടമേള മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ അറിയിച്ചു . കണ്‍വെന്‍ഷന്‍ നടക്കുന്ന ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ തന്നെ കണ്‍വെന്‍ഷന്‍ നടക്കുന്ന എല്ലാ ദിവസങ്ങളിലും കേരളീയ തനിമയാര്‍ന്ന വ്യത്യസ്‌ത രീതിയിലുള്ള ഭക്ഷണം പങ്കെടുക്കുന്നവര്‍ക്ക്‌ നല്‍കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്‌ . 

ഭക്ഷണവും, താമസവും, ബാങ്ക്വറ്റും, കലാപരിപാടികളും, താമസവും
ഉള്‍പ്പെടെ നാലു പേരടങ്ങുന്ന ഒരു കുടുംബത്തിനു ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനു 1000 ഡോളറിനു തരപ്പെടുത്തുവാന്‍ കഴിഞ്ഞത്‌ ഫൊക്കാനയുടെ ചരിത്ര സംഭവമാണെന്നും , പുതുമ യാര്‍ന്ന പല പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
സമയോചിതമായി അതൊക്കെ പരസ്യപ്പെടുത്തുമെന്നും ഷാജി ജോണ്‍ അറിയിച്ചു . ചാര്‍ളി പടനിലം സ്വാഗതവും ഷാജി ജോണ്‍ കൃതക്‌ജതയും അറിയിച്ചു .ജോര്‍ജ്‌ കാക്കനാടന്‍ (ആഴ്‌ച വട്ടം ), കോശി തോമസ്‌ (വോയ്‌സ്‌ ഓഫ്‌ ഏഷ്യ ),ജോര്‍ജ്‌ തൈകൂട്ടത്തില്‍ (ഏഷ്യ നെറ്റ്‌ ), സുകു &ശാന്ത നായര്‍ ,കാലിത്‌ ടാലിസണ്‍ (കൈരളി ടി .വി .), ഈശോ ജേക്കബ്‌ , കെ .സി . ജോര്‍ജ്‌ (പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ) , ഡോ. മോളി മാത്യു (കൈരളി ടി .വി),എന്നിവര്‍ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

ആവേശമായി ഫൊക്കാന ജനറല്‍ കൗണ്‍സില്‍

ആവേശമായി ഫൊക്കാന ജനറല്‍ കൗണ്‍സില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്‌: പ്രതികൂല കാലാവസ്ഥയായിട്ടുപോലും ഫൊക്കാനയുടെ പ്രസക്തിയും കരുത്തും തെളിയിച്ചുകൊണ്ട്‌ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന റീജിയണല്‍ കണ്‍വന്‍ഷനിടയ്‌ക്ക്‌ ജനറല്‍ കൗണ്‍സിലിന്‌ ആവേശകരമായ പരിസമാപ്‌തിയായി.

ഒക്ടോബര്‍ 29-ന്‌ രാവിലെ 10 മണിമുതല്‍ രാത്രി 9 മണിവരെ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലും വിവിധ വേദികളിലുമായി ഫൊക്കാന ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂ ട്ടീവ്‌ കമ്മിറ്റി മീറ്റിംഗ്‌, നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ഫൈനല്‍ മത്സരങ്ങള്‍, റീജിയണല്‍ കണ്‍വന്‍ഷന്‍, വിവിധ കലാപരിപാടികള്‍, ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ തുടങ്ങി വിവിധ പരിപാടികളില്‍ ദേശീയ നേതാക്കളും സംഘടനാ ഭാരവാഹികളും മറ്റുമായി നിരവധി പേര്‍ പങ്കെടുത്തു.

പതിനൊന്നു മണിക്ക്‌ ആരംഭിച്ച ഫൊക്കാന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ പ്രസിഡന്റ്‌ ജി.കെ. പിള്ള അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ അംഗങ്ങളുടെ വിവിധ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി. മുന്‍ ജനറല്‍ സെക്രട്ടറി ഷഹി പ്രഭാകരന്‍ അവതരിപ്പിച്ച 2008-2010ലെ റിപ്പോര്‍ട്ടും, മുന്‍ ട്രഷറര്‍ ശ്രീമതി ലീലാ മാരേട്ട്‌ അവതരിപ്പിച്ച വരവു ചിലവു കണക്കുകളും ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു പാസ്സാക്കി.

ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതികള്‍ അംഗങ്ങള്‍ അംഗീകരിച്ചു. അതുപ്രകാരം പുതുതായി ഒരു എക്‌സി. വൈസ്‌ പ്രസിഡന്റ്‌, ഒരു അഡീഷണല്‍ അസ്സോസിയേറ്റ്‌ സെക്രട്ടറി, ഒരു അഡീഷണല്‍ അസ്സോസിയേറ്റ്‌ ട്രഷറര്‍ മൂന്ന്‌ എക്‌സിക്യൂ ട്ടീവ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവരെക്കൂടി ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

ഫൊക്കാനക്ക്‌ ന്യൂയോര്‍ക്കില്‍ ഒരു ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി പോള്‍ കറുകപ്പിള്ളി മുന്നോട്ടു വെച്ച നിര്‍ദ്ദേശം ജനറല്‍ കൗണ്‍സില്‍ അംഗീകരിക്കുകയും, അതിന്റെ സാധ്യത ആരായാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തു. 

പുതിയ അംഗസംഘടനകളുടെ രജിസ്‌ട്രേഷനും അംഗീകാരവും സംബന്ധിച്ച തീരുമാനമെടുക്കാന്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസിനേയും, എക്‌സിക്യൂ ട്ടീവ്‌ കമ്മിറ്റിയേയും ജനറല്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തി. 2012 ജനുവരിയില്‍ കേരളത്തില്‍ നടത്താനുദ്ദേശിക്കുന്ന കേരള കണ്‍വന്‍ഷന്‌ ജനറല്‍ കൗണ്‍സില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കി.

ഹൂസ്റ്റണില്‍ നടക്കുന്ന പതിനഞ്ചാമത്‌ കണ്‍വന്‍ഷന്‌ ഉജ്ജ്വല പ്രതികരണമാണ്‌ ജനറല്‍ കൗണ്‍സിലില്‍ നിന്ന്‌ ലഭിച്ചത്‌. ഏകദേശം നാലായിരത്തോളം പേരെ പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷന്‌ നാലു ദിവസത്തെ ഭക്ഷണവും താമസവുമുള്‍പ്പെട്ട പാക്കേജിന്‌ വെറും ആയിരം ഡോളര്‍ മാത്രമേ ചിലവു വരൂ. ഈ വര്‍ഷം ഡിസംബര്‍ 31-നു മുന്‍പ്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഈ അവസരം പരമാവധി മുതലെടുക്കാന്‍ എല്ലാ അംഗസംഘടനകളിലേയും അംഗങ്ങളെ ജനറല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു. 

ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ജനറല്‍ കൗണ്‍സില്‍, കണ്‍വന്‍ഷന്‍ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു. ടെറന്‍സണ്‍ തോമസ്സിന്റെ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു.

അനന്തപുരിയുടെ പ്രതിരൂപമൊരുക്കുന്ന ഫൊക്കാന

അനന്തപുരിയുടെ പ്രതിരൂപമൊരുക്കുന്ന ഫൊക്കാന

അനന്തപുരിയുടെ പ്രതിരൂപമൊരുക്കുന്ന ഫൊക്കാന |  0Comment
മൊയ്‌തീന്‍ പുത്തന്‍ചിറ
ഹൂസ്റ്റണ്‍: 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷന്‍ വേദിയായ ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സൗകര്യങ്ങള്‍ വിലയിരുത്താനായി പ്രസിഡന്റ്‌ ജി.കെ. പിള്ളയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി.

പ്രസിഡന്റ്‌ ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ എന്നിവരെക്കൂടാതെ മറ്റു കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു. 

ഹൂസ്റ്റണിലെ വില്ല്യം ഹോബി, ജോര്‍ജ്ജ്‌ ബുഷ്‌ എന്നീ രണ്ടു വിമാനത്താവളങ്ങളില്‍നിന്നും തുല്യ ദൂരമാണ്‌ ഹോട്ടല്‍ സമുച്ചയത്തിലേക്ക്‌. റിലയന്റ്‌ സ്റ്റേഡിയത്തിനടുത്തു പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന അതിവിശാലമായ പാര്‍ക്കിംഗ്‌ സൗകര്യങ്ങളുള്ള ക്രൗണ്‍ പ്ലാസ ഹോട്ടല്‍ കണ്‍വന്‍ഷന്‍ വേദിയായി തെരഞ്ഞെടുത്തതില്‍ എല്ലാവരും സന്തുഷ്ടി പ്രകടിപ്പിച്ചു.

`അനന്തപുരി' എന്ന്‌ നാമകരണം ചെയ്‌തിട്ടുള്ള കണ്‍വന്‍ഷന്‍ നഗരിയെ സാക്ഷാല്‍ അനന്തപുരിയുടെ പ്രതിരൂപമാക്കുമെന്ന്‌ കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരത്തെ ആറാട്ടിനെ അനുസ്‌മരിപ്പിക്കുമാറ്‌ ആനയും അമ്പാരിയും താളമേളഘോഷങ്ങളോടെയായിരിക്കും കണ്‍വന്‍ഷന്‍ ഉദ്‌ഘാടകനായ തിരുവിതാംകൂര്‍ മഹാരാജാവിനെ എതിരേല്‌ക്കുക. ഈ അസുലഭ മുഹൂര്‍ത്തത്തിന്‌ സാക്ഷ്യം വഹിക്കുവാന്‍ പ്രശസ്‌തരും പ്രമുഖരുമായ ഒട്ടേറെ പേര്‍ ഹൂസ്റ്റണില്‍ എത്തിച്ചേരുമെന്ന്‌ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സമ്മേളന നഗരിയിലേക്കുള്ള അലങ്കാരവസ്‌തുക്കള്‍ കേരളത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. കൂടാതെ, കണ്‍വന്‍ഷന്‍ ദിനങ്ങളിലെല്ലാം തനി കേരളീയ വിഭവങ്ങളായിരിക്കും വിളമ്പുക എന്നും അദ്ദേഹം പറഞ്ഞു. സമ്മേളന നഗരിയില്‍ തന്നെ അവ ക്രമീകരിക്കുന്നു എന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ കണ്‍വന്‍ഷനുണ്ട്‌.

യുവജനങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ധാരാളം പരിപാടികള്‍ ഈ കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

More Articles...

Page 1 of 3

Start
Prev
1